വേനല്‍ക്കാലം കനക്കുന്നു; വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു; ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെ ജോലി സമയം മാറും

Update: 2026-02-13 13:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചു. സൂര്യാഘാതം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയുള്ള ജോലി സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെ പുനക്രമീകരിച്ചുകൊണ്ടും പരിശോധനാ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു.

പകല്‍ സമയം വെയിലില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.00 മുതല്‍ 3.00 മണി വരെ വിശ്രമ സമയമായി നിശ്ചയിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂര്‍ തൊഴില്‍ സമയം പൂര്‍ത്തിയാകുന്ന തരത്തിലാണ് സമയ ക്രമീകരണം. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലാണ് പുനക്രമീകരിച്ചിരിക്കുന്നത്. സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുള്ള മേഖലകളെയാണ് ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ / ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

Similar News