യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം വഴി പ്രചരിപ്പിച്ചു; 24കാരന്‍ അറസ്റ്റില്‍
കാസര്‍കോട്: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരിയണ്ണി ബേപ്പ് നിട്ടൂര്‍മൂല സ്വദേശി പി.അനൂപ് (24)നെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. യുവതികളുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 11 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായി മുളിയാര്‍ ഗ്രാമത്തിലെ ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങളാണ് പ്രതി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും തുടര്‍ന്ന് 'ടെലിഗ്രാം' ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
കാസര്‍കോട് സൈബര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 12/26 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 75 (1) (iii), 78 (1) (ii), ഐടി ആക്ട് സെക്ഷന്‍ 67, 67(A) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എച്ച്.മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എസ്സിപിഒമാരായ സവാദ് അഷ്‌റഫ്, സുധീഷ്, ഡബ്ല്യുസിപിഒ നജ്ന, സിപിഒ വിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.