സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചതിന് അധിക്ഷേപം; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയില്‍; പാലക്കാട്ട് കോണ്‍ഗ്രസിന് തിരിച്ചടി

Update: 2026-03-22 06:06 GMT

പാലക്കാട്: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്‍ ചേര്‍ന്നു. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശങ്കു ടി. ദാസിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ഈ രാഷ്ട്രീയ മാറ്റം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ജയലക്ഷ്മി വ്യക്തമാക്കി.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചിത്രം വാട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും സ്റ്റോറിയായി പങ്കുവെച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി അധിക്ഷേപിച്ചുവെന്ന് ജയലക്ഷ്മി ആരോപിച്ചു. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളെ പോലും അംഗീകരിക്കാത്ത നിലപാടാണ് കോണ്‍ഗ്രസ് നേതാക്കളുടേത്. തന്റെ കുടുംബത്തെപ്പോലും ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും ഇതില്‍ മനംനൊന്താണ് വര്‍ഷങ്ങളായുള്ള പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വീകരണ ചടങ്ങില്‍ സംസാരിച്ച സുരേഷ് ഗോപി, പഴയകാലത്തെ രാഷ്ട്രീയ മാന്യതയെക്കുറിച്ച് അനുസ്മരിച്ചു. ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും ഉണ്ടായിരുന്ന കാലത്ത് ശക്തമായ രാഷ്ട്രീയ മത്സരങ്ങള്‍ക്കപ്പുറം വ്യക്തിപരമായ ബഹുമാനം നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പൊട്ടിത്തെറികളുടെ തുടക്കം മാത്രമാണിതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നും സ്ഥാനാര്‍ത്ഥി ശങ്കു ടി. ദാസ് അവകാശപ്പെട്ടു.

Similar News