മുത്തശ്ശി ആയെന്ന് കണ്ടാൽ പറയുമോ?; ഗുരുദേവന്‍റെ കര സ്പർശനമേറ്റ ആ പ്ലാവിന് ഒടുവിൽ സുഖചികിത്സ; ദിവസങ്ങൾ കഴിഞ്ഞതും 'ഫലം' കണ്ട് തുടങ്ങി; സന്തോഷം പങ്കിട്ട് മഠം അധികൃതർ
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ കരസ്പർശമേറ്റതായി വിശ്വസിക്കപ്പെടുന്ന ശിവഗിരി മഹാസമാധി മന്ദിരത്തോട് ചേർന്നുള്ള 122 വർഷം പഴക്കമുള്ള മുത്തശ്ശിപ്ലാവ് പ്രത്യേക ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു. പ്രായാധിക്യത്തിന്റെ അവശതകളിൽനിന്ന് മോചനം നേടിക്കൊണ്ട്, അമ്പത് ദിവസത്തോളം നീണ്ട പരിചരണത്തിനൊടുവിലാണ് പ്ലാവ് വീണ്ടും കരുത്താർജിച്ചത്.
പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ഈ സുഖചികിത്സ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഔഷധം പുരട്ടിക്കൊണ്ടാണ് ചികിത്സയ്ക്ക് തുടക്കം കുറിച്ചത്. മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി ഉൾപ്പെടെയുള്ള സന്യാസി ശ്രേഷ്ഠർ ദിവസേന ചികിത്സാ രീതികളും പുരോഗതിയും നിരീക്ഷിച്ചുപോന്നു.
കരുനാഗപ്പള്ളി സ്വദേശിയും ഗുരുദേവ ഭക്തനുമായ വൈദ്യൻ എസ്. അജയകുമാറിന്റെ നിർദ്ദേശാനുസരണം തുടർ പരിചരണം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. പശുവിൻപാൽ, എള്ള്, ചെറുതേൻ, കദളിപ്പഴം, ശർക്കര തുടങ്ങിയ ഇരുപതോളം ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധക്കൂട്ടാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്.
ആരോഗ്യം വീണ്ടെടുത്ത്, ഇപ്പോൾ നിറയെ ചക്കകളുമായി നിൽക്കുന്ന പ്ലാവിനെ ശിവഗിരിയിലെത്തുന്ന ഭക്തർ വളരെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഗുരുദേവ സ്പർശനമേറ്റ വൃക്ഷം വീണ്ടും കരുത്താർജ്ജിച്ചത് ഭക്തർക്ക് ഏറെ ആശ്വാസകരവും പ്രതീക്ഷ നൽകുന്നതുമാണ്.