ബന്ധു പള്ളിയില്‍ പോയ തക്കം നോക്കി വീട്ടിലെത്തി; കുഞ്ഞിന്റെ സ്വര്‍ണ മാല പൊട്ടിച്ചു കടന്നു! മൊബൈല്‍ ലൊക്കേഷന്‍ കുരുക്കായി; വിഴിഞ്ഞത്തെ കുട്ടിമോഷ്ടാക്കള്‍ പിടിയില്‍

Update: 2026-03-21 16:46 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിച്ചു വന്നിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുല്ലുവിള സ്വദേശി ജിബിന്‍രാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ബന്ധുവായ കുഞ്ഞിന്റെ മാല കവര്‍ന്ന കേസിലാണ് ഇവര്‍ കുടുങ്ങിയത്. പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ഇവര്‍ മോഷ്ടിച്ചത്. ഈ മാസം ഒന്‍പതാം തീയതി ഉച്ചയോടെ കുഞ്ഞിന്റെ അമ്മ പള്ളിയില്‍ പോയ സമയം നോക്കി വീട്ടിലെത്തിയ പതിനേഴുകാരന്‍ മാല കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ജിബിന്‍രാജിനെ കൂട്ടി പത്താം തീയതി മുക്കോലയിലെ ഒരു പണയ സ്ഥാപനത്തില്‍ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതില്‍ ജിബിന്‍രാജ് 25,000 രൂപയും പതിനേഴുകാരന്‍ 10,000 രൂപയും വീതം വീതിച്ചെടുത്തു. ഈ പണം ഉപയോഗിച്ച് ഇവര്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.

ജിബിന്‍രാജിന്റെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇതേ സ്ഥാപനത്തില്‍ ജിബിന്‍രാജ് മുന്‍പും ഏഴിലധികം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് കുട്ടികളുടെ സ്വര്‍ണ്ണവും ഇവര്‍ ഇത്തരത്തില്‍ കവര്‍ന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

കോടതിയില്‍ ഹാജരാക്കിയ ജിബിന്‍രാജിനെ റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ താല്‍ക്കാലികമായി വിട്ടയച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് ജുവനൈല്‍ കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സമാനമായ രീതിയില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവങ്ങള്‍ വേറെയും നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Similar News