വിഷുക്കൈനീട്ടമായി കൈകളില്‍ 4000 രൂപയെത്തും! ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍; 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം
ക്ഷേമ പെന്‍ഷന്‍ വിതരണം, വിഷുക്കൈനീട്ടം, കുടുംബങ്ങള്‍, ആനുകൂല്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ വിഷുക്കൈനീട്ടം. മാര്‍ച്ചിലെയും ഏപ്രിലിലെയും ക്ഷേമ പെന്‍ഷനുകള്‍ ഈ മാസം തന്നെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഓരോ ഗുണഭോക്താവിനും ആകെ 4000 രൂപ വീതം ഈ മാസാവസാനത്തോടെ കൈകളില്‍ ലഭിക്കും.
മാര്‍ച്ച് മാസത്തെ പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ആരംഭിക്കും. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷു പ്രമാണിച്ച് ഈ മാസം 31-ന് വിതരണം തുടങ്ങും. നിലവില്‍ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെന്‍ഷനായി നല്‍കിവരുന്നത്. വിഷു പ്രമാണിച്ച് രണ്ട് മാസത്തെ തുക ഒരുമിച്ച് നല്‍കുന്നതിനായി ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഏകദേശം 62 ലക്ഷത്തോളം ആളുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പണം വീട്ടിലെത്തും, അക്കൗണ്ടിലുമെത്തും
പെന്‍ഷന്‍ അര്‍ഹരായവരില്‍ 26.62 ലക്ഷം പേര്‍ക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തുക കൈമാറും. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതാത് ബോര്‍ഡുകള്‍ വഴിയായിരിക്കും വിതരണം. പ്രതിമാസം ഏകദേശം 1,050 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ നീക്കിവെക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ക്ഷേമ പെന്‍ഷന്‍ തുകയില്‍ 400 രൂപയുടെ വര്‍ധനവ് വരുത്തിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പെന്‍ഷന്‍ തുക ഘട്ടം ഘട്ടമായി 2600 രൂപയാക്കി ഉയര്‍ത്തുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നു. നിലവില്‍ 2000 രൂപയിലെത്തി നില്‍ക്കുന്ന പെന്‍ഷന്‍ തുക വരും വര്‍ഷങ്ങളില്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കള്‍.