എല്‍.പി.ജിയുടെ വിതരണം സാധാരണ നിലയിലെന്ന് കേന്ദ്രസര്‍ക്കാര്‍; നിയന്ത്രണം ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനെന്നും കേന്ദ്രം
എല്‍.പി.ജിയുടെ വിതരണം സാധാരണ നിലയിലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പരിഭ്രാന്തികൊണ്ട് പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. എല്‍.പി.ജി.യുടെ ലഭ്യതക്കുറവ് ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കാതിരിക്കാനാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ 13,700 പുതിയ പി.എന്‍.ജി. (പൈപ്പ് ഗ്യാസ്) കണക്ഷനുകള്‍ നല്‍കി. എല്‍.പി.ജി.യില്‍ 7,300 പേര്‍ പി.എന്‍.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. വാണിജ്യ എല്‍.പി.ജി.യുടെ വിതരണം സംസ്ഥാനങ്ങള്‍ നിശ്ചയിച്ച മുന്‍ഗണന പ്രകാരമാണ് നടത്തുന്നത്. സിലിന്‍ഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 4,500 റെയ്ഡുകള്‍ നടത്തി.