തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചത് ആവേശമായി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുംബൈ മലയാളി ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലേക്ക്
പ്രചാരണത്തിന് മുംബൈ മലയാളി ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലേക്ക്
വസായ് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുംബൈയില്‍ നിന്ന് നൂറു കണക്കിന് മലയാളി ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലേക്ക് വരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ഡെയുടെ നിര്‍ദ്ദേശപ്രകാരമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എം എല്‍ എ മാര്‍, എം പി മാര്‍ മുതിര്‍ന്ന നേതാക്കള്‍ എന്നിവരോടൊപ്പം മലയാളി പ്രവര്‍ത്തകര്‍ കേരളത്തിലേക്ക് പോകുന്നത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 3 ന് വസായിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനത്തിന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനും പ്രവാസി പ്രവര്‍ത്തകരുടെ കോര്‍ഡിനേറ്ററുമായ അതുല്‍ കല്‍സേക്കര്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭായിഗിരി ക്കര്‍ എം എല്‍ എ മാരായ സ്‌നേഹദൂബെ പണ്ഡിറ്റ്, രാജന്‍ നായിക്ക് എന്നിവര്‍ നേതൃത്വം നല്‍കി.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രധാന മലയാളി ബി ജെ പി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ മുന്‍ ഡപ്യൂട്ടി കമ്മീഷണര്‍ വി. ബാലചന്ദ്രന്‍, കെ ജി കെ കുറുപ്പ്, നാസിക്കില്‍ നിന്നുള്ള അനൂപ് പുഷ്പാംഗദന്‍, വിനോദ് കുമാര്‍, സുരേഷ് നായര്‍, സന്തോഷ് നായര്‍(അയ്യപ്പസമാജം വസായ് ഈസ്റ്റ്) ഖാര്‍ഘറില്‍ നിന്നുള്ള ജി. രാമകൃഷണന്‍ , ജയപ്രകാശ് നായര്‍, മുരളി പിള്ള, വസായ് വിരാര്‍ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. പതിനഞ്ചു ദിവസംവരെ കേരളത്തില്‍ തങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കാനുള്ള നിര്‍ദ്ദേശം യോഗത്തില്‍ നല്‍കി.
നാസിക്, പൂന എന്നിവരുടെ പട്ടിക ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്നും ബാക്കി സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ കണ്ടെത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര ബി ജെ പി മലായാളി വിഭാഗം കണ്‍വീനര്‍ കെ ബി ഉത്തംകുമാര്‍ യോഗത്തില്‍ അറിയിച്ചു.
ഇത്തവണ കേരളത്തില്‍ ബി ജെ പി 140 മണ്ഡലങ്ങളിലും വിജയം നേടാനാണ് മത്സരിക്കുന്നതെന്ന് അതുല്‍ കല്‍സേക്കര്‍ പറഞ്ഞു. അഹമ്മദബാദ് കോര്‍പ്പറേഷന്‍ പിടിച്ചതിനു ശേഷമാണ് ബി ജെ പി ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ഇപ്പോള്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബി ജെ പി കേരളത്തില്‍ ചരിത്ര മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത് അതുല്‍ കല്‍സേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനത മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളെ മടുത്തുവെന്നും മാറ്റത്തിനാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇതില്‍ മറുനാടന്‍ മലായളികള്‍ക്ക് വലിയ പങ്കുണ്ടെന്നും യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ ഉത്തംകുമാര്‍ പറഞ്ഞു കേരളത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി ജെപി യിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകുകയാണ് ബി.ജെ.പി യെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങള്‍ കാണുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി ജെ പി ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും ഉത്തംകുമാര്‍ വ്യക്തമാക്കി
