കല്യാണ പന്തലില്‍ നിന്നും പോളിങ് ബൂത്തിലെത്തി വധുവും വരനും; വോട്ടുകള്‍ രേഖപ്പെടുത്തി അനീസയും നന്ദനയും

Update: 2026-04-09 13:19 GMT

കൊച്ചി: കളമശ്ശേരിയിലെയും തൃശൂരിലെയും പോളിംഗ് ബൂത്തുകളില്‍ വധൂവരന്മാര്‍ വിവാഹ വേഷത്തിലെത്തിയത് വോട്ടര്‍മാര്‍ക്കിടയില്‍ കൗതുകവും ആവേശവും നിറച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്ലാദ നിമിഷങ്ങള്‍ക്കിടെയിലും വോട്ടവകാശം വിനിയോഗിക്കാന്‍ ഇവര്‍ കാണിച്ച താല്പര്യം ജനാധിപത്യത്തോടുള്ള പൗരന്റെ ഉത്തരവാദിത്തത്തിന് മാതൃകയായി. കളമശ്ശേരി എച്ച്എംടി നഗറില്‍ നിന്നുള്ള അനീസയാണ് കല്യാണ പന്തലില്‍ നിന്നും നേരിട്ട് പോളിംഗ് ബൂത്തിലെത്തിയത്. എച്ച്എംടി ഹൈസ്‌കൂളിലെ 27-ാം നമ്പര്‍ ബൂത്തിലായിരുന്നു അനീസയ്ക്ക് വോട്ട്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരന്‍ അജ്മലിനൊപ്പം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അനീസ വോട്ട് ചെയ്യാനെത്തിയത്. ബൂത്തില്‍ വലിയ ക്യൂ ഉണ്ടായിരുന്നെങ്കിലും, വധൂവരന്മാരെ കണ്ടതോടെ മറ്റ് വോട്ടര്‍മാര്‍ സന്തോഷത്തോടെ അവര്‍ക്ക് മുന്‍ഗണന നല്‍കി. എല്ലാവരുടെയും സമ്മതപ്രകാരം വരി നില്‍ക്കാതെ തന്നെ അനീസയ്ക്ക് വോട്ട് രേഖപ്പെടുത്തി മടങ്ങാന്‍ സാധിച്ചു.

തൃശൂരിലും കല്യാണ വേഷത്തില്‍ പോളിംഗ്

തൃശൂര്‍ തളിക്കുളത്തും സമാനമായ ആവേശകരമായ ദൃശ്യങ്ങള്‍ അരങ്ങേറി. തളിക്കുളം സ്വദേശി നന്ദനയാണ് മിന്നു ചാര്‍ത്തിയതിന് പിന്നാലെ നേരെ വോട്ട് ചെയ്യാനായി പുറപ്പെട്ടത്. കുടുംബ ക്ഷേത്രത്തില്‍ വെച്ച് നടന്ന താലികെട്ടിന് ശേഷം വരന്‍ ലിജീഷിനൊപ്പം വിവാഹ വേഷത്തില്‍ തന്നെ നന്ദന പത്താം കല്ല് സി.എം.എസ്. യു.പി. സ്‌കൂളിലെ എട്ടാം നമ്പര്‍ ബൂത്തിലെത്തി. വോട്ടിംഗിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ നവവധുവിനെ മറ്റു വോട്ടര്‍മാരും ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇത്തരം കാഴ്ചകള്‍ ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടിനുമുള്ള വിലയെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

Similar News