ടാർ മിക്‌സ് കയറ്റി വന്ന ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം അടൂരിൽ

Update: 2026-03-20 17:37 GMT

അടൂർ: ഏനാത്ത് വയലായിൽ റോഡ് പണിക്ക് ടാർ മിക്‌സ് കയറ്റിവന്ന ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വയലാ ഗവ. എൽപി സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. വീട്ടുടമസ്ഥൻ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

വയലാ-നടക്കാവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ടാർ മിക്‌സുമായി എത്തിയതായിരുന്നു ലോറി. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ റോഡ് വശത്തെ കൽക്കെട്ട് ഇടിഞ്ഞതാണ് ലോറി നിയന്ത്രണം വിട്ട് താഴെയുള്ള വീടിന് മുകളിലേക്ക് മറിയാൻ കാരണമായത്.

കുഴിവിളയിൽ സി.ഒ. പൊന്നച്ചന്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്. അപകടസമയത്ത് പൊന്നച്ചൻ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. ലോറി മറിയുന്നത് കണ്ട് റോഡ് പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ബഹളം വെച്ചതോടെ അദ്ദേഹം ഓടി മാറിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

വീടിന്റെ ഒരു വശത്തെ മേൽക്കൂര തകർത്ത് വരാന്തയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ചൂടുള്ള ടാർ മിക്‌സ് വീടിന്റെ മുറ്റത്തും വരാന്തയിലും പൂർണ്ണമായി പടർന്നു. വീടിന് കാര്യമായ ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറി ഡ്രൈവറായ തിരുവനന്തപുരം സ്വദേശി റിയാസിന് (35) നിസ്സാര പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡ് നവീകരണം നടക്കുന്ന ഈ പ്രദേശത്ത് പലയിടത്തും വശങ്ങളിലെ കൽക്കെട്ടുകൾക്ക് ബലമില്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. മതിയായ സുരക്ഷാ പരിശോധനകൾ ഇല്ലാതെ ഭാരമേറിയ വാഹനങ്ങൾ കടത്തിവിടുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

Tags:    

Similar News