നാല് മണ്ഡലങ്ങളില്‍ ഇനിയും ഇരുട്ടില്‍ തപ്പുന്നു; ആന്റണി രാജുവിന് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കഴിയുന്നില്ല; ഇടതു മുന്നണിയില്‍ ആശങ്ക
തിരുവനന്തപുരം: നാല് പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ ഇടതുമുന്നണി. ഘടകകക്ഷികള്‍ക്കിടയിലെ സീറ്റ് തര്‍ക്കവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കാസര്‍കോട്, വള്ളിക്കുന്ന്, താനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനിശ്ചിതത്വത്തില്‍ തുടരുന്നത്.
തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആന്റണി രാജു പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന് തന്നെ വീണ്ടും അവസരം നല്‍കാനായിരുന്നു പാര്‍ട്ടി നീക്കം. എന്നാല്‍ കോടതി വിധിയില്‍ ശിക്ഷാ ഇളവ് ലഭിക്കാത്ത സാഹചര്യത്തില്‍ ആന്റണി രാജുവിന് മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെ പകരം ആര് എന്ന ചോദ്യത്തിന് മുന്നില്‍ പാര്‍ട്ടി പകച്ചുനില്‍ക്കുകയാണ്. സമാനമായ രീതിയില്‍ സിറ്റിങ് സീറ്റായ താനൂരിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ എല്‍ഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ല.
ഐഎന്‍എല്ലിന്റെ സീറ്റുകളായ കാസര്‍കോടും വള്ളിക്കുന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം തെരുവിലേക്കും നീങ്ങുന്ന അവസ്ഥയിലാണ്. സ്ഥാനാര്‍ത്ഥി മോഹികളുടെ ബാഹുല്യവും പ്രാദേശികമായ എതിര്‍പ്പുകളും ഐഎന്‍എല്‍ നേതൃത്വത്തിന് തലവേദനയാകുന്നു. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെക്കാള്‍ ഉപരി കക്ഷി താല്പര്യങ്ങള്‍ക്കും ഗ്രൂപ്പ് പോരുകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് ഈ തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.