ഏഴുപുന്നയില്‍ മദ്യലഹരിയില്‍ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

ഏഴുപുന്നയില്‍ മദ്യലഹരിയില്‍ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

Update: 2026-03-20 03:22 GMT

ആലപ്പുഴ: ഏഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കു്‌ത്തേറ്റ് മരിച്ചു. കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണ (24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ അരൂര്‍ പാലസ് ബാറിന് മുന്‍വശത്താണ് സംഭവം. സംഭവത്തില്‍ അരൂര്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് സംശയിക്കുന്ന എഴുപുന്ന കരിമാഞ്ചേരി സ്വദേശികളായ മൂന്ന് പേര്‍ ഒളിവിലാണ്.

ഏഴുപുന്നയില്‍ നിന്നും കുമ്പളങ്ങിയില്‍ നിന്നുമെത്തിയ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കുതര്‍ക്കം ആദ്യം സംഘര്‍ഷത്തില്‍ കലാശിച്ചെങ്കിലും ആളുകള്‍ ഓടിക്കൂടിയതോടെ ഇരുകൂട്ടരും പിരിഞ്ഞുപോയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും കയ്യാങ്കളിയുണ്ടാകുകയും, ഇതിനിടെ നിതിന്‍ കൃഷ്ണയുടെ നെഞ്ചില്‍ കുത്തേല്‍ക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു. ബാറിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേര്‍ ചേര്‍ന്ന് നിതിനെ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.


Tags:    

Similar News