വിശുദ്ധിയുടെ പുണ്യം; സാഹോദര്യത്തിന്റെ മധുരം; ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാള്‍; പ്രാര്‍ത്ഥനകളില്‍ മുറിവേറ്റ ലോകവും

Update: 2026-03-20 03:36 GMT

തിരുവനന്തപുരം: മുപ്പത് നാളത്തെ ആത്മീയ ശുദ്ധീകരണത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ആഘോഷിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറ ദൃശ്യമായതോടെ കേരളത്തിലും ഗള്‍ഫ് നാടുകളിലും ഒരേദിവസമാണ് പെരുന്നാള്‍ എത്തിയത്. പള്ളികളിലും ഈദ് ഗാഹുകളിലും നടക്കുന്ന പ്രത്യേക നമസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം പങ്കുവെച്ച് വിശ്വാസികള്‍ പരസ്പരം ഈദാശംസകള്‍ കൈമാറുകയാണ്.

ലോകം യുദ്ധസമാനമായ കലുഷിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ പെരുന്നാള്‍ വന്നെത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സ്‌നേഹവും കാരുണ്യവും കൊണ്ട് മുറിവേറ്റ ലോകത്തിന് മരുന്നാകാന്‍ നമുക്ക് സാധിക്കണമെന്നും സമാധാനത്തിന്റെ പുതുപുലരിയിലേക്ക് ലോകം ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ക്ക് ഇത് അതിജീവനത്തിന്റെ പെരുന്നാളാണ്. സംഘര്‍ഷങ്ങള്‍ക്കിടയിലും ജനജീവിതം സ്തംഭിച്ചിട്ടില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങള്‍. യു.എ.ഇയില്‍ പെരുന്നാള്‍ നമസ്‌കാരം മസ്ജിദുകള്‍ക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിലെ ഈദ് ഗാഹുകളും ഔദ്യോഗിക ആഘോഷങ്ങളും ഒഴിവാക്കി.

കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സക്കാത്ത് നല്‍കി സമ്പത്ത് വിശുദ്ധീകരിച്ചും വിശ്വാസികള്‍ ഈ ദിനം ധന്യമാക്കുന്നു. ഇഫ്താര്‍ സംഗമങ്ങളിലൂടെ ഊട്ടിയുറപ്പിച്ച സൗഹൃദത്തിന്റെ കരുത്തുമായാണ് കേരളം ഇന്ന് പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

Similar News