സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വര്‍ധിക്കുന്നു; എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Update: 2026-03-20 06:10 GMT

തിരുവനന്തപുരം: വേനല്‍ കടുക്കുന്നതിനിടെ സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ നിലയിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സൂര്യരശ്മികള്‍ നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങള്‍:

കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), ഒല്ലൂര്‍ (തൃശ്ശൂര്‍), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം) എന്നിവിടങ്ങളിലാണ് യുവി സൂചിക എട്ടിനും പത്തിനും ഇടയില്‍ രേഖപ്പെടുത്തിയത്.

കളമശ്ശേരി (എറണാകുളം), ബേപ്പൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്), ധര്‍മ്മടം (കണ്ണൂര്‍), ഉദുമ (കാസര്‍കോട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പകല്‍ 10 മണി മുതല്‍ 3 മണി വരെയാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ ആഘാതം ഏറ്റവും കൂടുതലായി അനുഭവപ്പെടുക. ഈ സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. സൂര്യപ്രകാശം തുടര്‍ച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, കാഴ്ചശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

Similar News