പാര്‍ട്ടിക്കായിവെള്ളം കോരികളും വിറക് വെട്ടികളും പുറത്ത്: തളിപറമ്പിലും പയ്യന്നൂരിലും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമതരാകും

Update: 2026-03-20 08:21 GMT

കണ്ണൂര്‍ :സി.പി.എം വിമതരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം കടുക്കുന്നു. സി.പി.എമ്മില്‍ നിന്നും ചേക്കേറിയവരെ യു ഡി. എഫ് പിന്‍തുണക്കുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ഇത് നേതൃത്വം പരിഗണിച്ചിരുന്നില്ല ഇതില്‍ പ്രതിഷേധിച്ചാണ് പയ്യന്നൂരിലും തളിപ്പറമ്പിലും യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാന്‍ തീരുമാനിച്ചത്.

പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനും പിന്തുണ നല്‍കാനുള്ള നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടും പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹനും മാര്‍ച്ച് 21 ന് പത്രിക സമര്‍പ്പിക്കുക. ഇതേ ദിവസം തന്നെ കെ.പി.സി.സി അംഗം കൊയ്യം ജനാര്‍ദ്ദനനും തളിപ്പറമ്പില്‍ പത്രിക സമര്‍പ്പിക്കുന്നുണ്ട്. ഇതിനിടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണയോഗം നാളെ ചേരുന്നുണ്ട്.

യു.ഡി.എഫ് പിന്തുണനല്‍കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പയ്യന്നൂരിലും തളിപ്പറമ്പിലും വിമത സ്ഥാനാര്‍ത്ഥികള്‍ സി.പി.എമ്മിന് തലവേദനയാകുന്നതിനൊപ്പം കോണ്‍ഗ്രസിലും പൊട്ടിത്തെറിയുണ്ടാക്കുന്നുണ്ട്. സി.പി.എം വിമതരെ പിന്തുണയ്ക്കാനുള്ള കെ.പി.സി.സിയുടെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നേതാക്കള്‍ മാത്രമല്ല പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്ന അണികളും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം.പി കണ്ണൂര്‍ മണ്ഡലത്തില്‍ ഉയര്‍ത്തിയ വിമത സ്ഥാനാര്‍ത്ഥിവെല്ലുവിളികളെ ഒരു പരിധി വരെ പരിഹരിച്ച് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദന ഉയരുന്നത്.

Similar News