യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം-ബി.ജെ.പി കച്ചവടം; മുഖ്യമന്ത്രി ഡല്‍ഹിയില്‍ കുനിയുന്ന ഇരട്ടച്ചങ്കാണെന്ന് വി.ഡി. സതീശന്‍

Update: 2026-03-22 08:42 GMT

കൊച്ചി (പറവൂര്‍): പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിപ്പിക്കാനായി പാലക്കാട് ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് വിജയസാധ്യതയുള്ള പത്ത് സീറ്റുകളില്‍ സി.പി.എം ഇത്തരത്തില്‍ ഒത്തുകളിക്കുന്നുണ്ടെന്നും എന്നാല്‍ ജനപിന്തുണയോടെ ഈ അവിഹിത ബന്ധത്തെ അതിജീവിച്ച് യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ നാണംകെട്ട പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിന് ശക്തമായ മറുപടിയാണ് സതീശന്‍ നല്‍കിയത്. സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തെ രാഷ്ട്രീയമറിയാത്ത ഒരു ബിസിനസുകാരന്‍ പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കിയ ആളാണ് അദ്ദേഹമെന്നും സതീശന്‍ പരിഹസിച്ചു. രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ ബി ടീമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം പിണറായി വിജയന്റെ മാത്രം കണ്ടെത്തലാണെന്നും ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ മോദിക്കും അമിത് ഷാക്കും മുന്നില്‍ 90 ഡിഗ്രിയില്‍ കുനിയുന്ന ഇരട്ടച്ചങ്കാണ് അദ്ദേഹത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എന്നാണ് സതീശന്‍ വിശേഷിപ്പിച്ചത്. ആരോഗ്യ മന്ത്രിക്കെതിരെ കെ.എസ്.യുക്കാര്‍ ആക്രമണം നടത്തിയെന്ന ഗോവിന്ദന്റെ നുണ നൊബേല്‍ സമ്മാനത്തിന് അയച്ചാല്‍ മറ്റാര്‍ക്കും അത് ലഭിക്കില്ല. മുതിര്‍ന്ന നേതാവായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച 'ചെറ്റത്തരം' എന്ന പ്രയോഗം തരംതാഴ്ന്നതാണെന്നും പൊതുരംഗത്തുള്ളവര്‍ കുറച്ചുകൂടി മാന്യത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പ് 'അവളോടൊപ്പം' എന്ന് എഴുതിയ കപ്പുമായി വന്ന മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റി 'അവനൊപ്പം' ആയിരിക്കുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ഗണേഷ് കുമാറിന്റെ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സ്വീകരിച്ച നിലപാട് പിണറായി ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞവരോട് കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും വി.ഡി. സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Similar News