15കാരന്‍ ഓടിച്ച സ്‌കൂട്ടറിടിച്ച് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; കാലപ്പഴക്കം ചെന്ന വാഹനത്തിന് ഇന്‍ഷുറന്‍സ് അടക്കമില്ലെന്ന് റിപ്പോര്‍ട്ട്

15കാരന്‍ ഓടിച്ച സ്‌കൂട്ടറിടിച്ച് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

Update: 2024-12-29 03:19 GMT

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. മുണ്ടയ്ക്കല്‍ വെസ്റ്റ് മേരാ നഗര്‍-നാല് കെ കുന്നത്തുവീട്ടില്‍ സുശീല(63)യാണ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. സുശീലയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബം തയ്യാറായെങ്കിലും മറ്റ് അവയവങ്ങള്‍ക്ക് പരിക്കേറ്റതിനാല്‍ കണ്ണുകള്‍ മാത്രമേ നല്‍കാനായുള്ളു.

വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് എത്തിയ 15കാരനാണ് അപകടമുണ്ടാക്കിയത്. തില്ലേരി സ്വദേശിയായ 15 വയസ്സുകാരനെതിരേ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് തുമ്പറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. തുമ്പറ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം ഉപദേവതാ ക്ഷേത്രത്തിലേക്കു പോകാനായി റോഡ് കുറുകേ കടക്കുമ്പോള്‍ സുശീലയേയും ഒപ്പമുണ്ടായിരുന്ന മുണ്ടയ്ക്കല്‍ സ്വദേശിനി ശാന്തയേയും ഇടിച്ചിട്ട ശേഷം കുട്ടി സ്‌കൂട്ടറുമായി സംഭവസ്ഥലത്തുനിന്ന് കടന്നിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുശീലയെ ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ശാന്തയ്ക്ക് നിസ്സാര പരിക്കുകളുണ്ട്. രണ്ടുപേര്‍ യാത്രചെയ്തുവന്ന സ്‌കൂട്ടര്‍ തെറ്റായ ദിശയിലായിരുന്നെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

അപകടം നടന്ന ഉടനെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന പെണ്‍കുട്ടി ഇറങ്ങി മാറിനില്‍ക്കുന്നതും സ്‌കൂട്ടര്‍ അരികിലേക്ക് മാറ്റിയശേഷം പെണ്‍കുട്ടിയെ കയറ്റി വീണ്ടും ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് അപകടമുണ്ടാക്കിയ സ്‌കൂട്ടര്‍ വെള്ളിയാഴ്ച വൈകീട്ടോടെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് വാഹനമോടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് തിരിച്ചറിഞ്ഞത്. 15-കാരന്റെ മുത്തച്ഛനാണ് വാഹനത്തിന്റെ ഉടമ. ഇദ്ദേഹത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വാഹനമാണെന്നും ഇതിന് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഇല്ലെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ലാല്‍ പ്രസാദ് ആണ് സുശീലയുടെ ഭര്‍ത്താവ്. മക്കള്‍: പി.പ്രമോദ് (അഡ്മിനിസ്‌ട്രേറ്റര്‍, ജെ.എസ്.എം. ആശുപത്രി, ചാത്തന്നൂര്‍), പി.വിനോദ് (ബിസിനസ്). മരുമക്കള്‍: ദിവ്യ കെ.സോമന്‍ (എച്ച്.ആര്‍.മാനേജര്‍, മാങ്കുന്നം ആശുപത്രി, കല്ലുവാതുക്കല്‍), ആതിര സലിം.

Tags:    

Similar News