പള്ളി വികാരിയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; വീടുകയറി ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്
വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; വീടുകയറി ആക്രമണം
തൃശ്ശൂര്‍: തൃശൂര്‍ കുഴൂരില്‍ പള്ളി വികാരിയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. പ്രദേശവാസികളായ ഡേവിസ്, ലിനു, ഷൈജു, ലിന്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് മാള പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ഓടെ തിരുമുക്കുളം പള്ളിയിലെ ക്രിസ്മസ് ട്രീയില്‍ ലൈറ്റ് ഇട്ടതില്‍ തൃപ്തരല്ലെന്ന് പറഞ്ഞാണ് പള്ളിവികാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി പ്രതികള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പള്ളി വികാരി ആന്റണി പോള്‍ പറമ്പത്തുമായി പ്രതികള്‍ തര്‍ക്കിക്കുന്നത് കണ്ട് ഇടപെടാന്‍ എത്തിയതായിരുന്നു വ്യാപാരിയായ ആന്റണി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ആന്റണിയുടെ വ്യാപാര സ്ഥാപനത്തില്‍ കയറി പഴക്കുലകള്‍ കൊണ്ടും ഇരുമ്പുവടി കൊണ്ടും സോഡാക്കുപ്പികൊണ്ടും ആക്രമിച്ചത്.
ചില്ലു പാത്രങ്ങളും ചില്ലലമാരകളും അടിച്ചു തകര്‍ത്തതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ആന്റണിയുടെ വീട് കയറി ഭാര്യ കുസുമം, മക്കളായ അമര്‍ജിത്, അഭിജിത് എന്നിവര്‍ക്ക് നേരെയും ആക്രമണം നടത്തിയതായി പരാതിയുണ്ട്. സംഭവത്തിനിടെ ആന്റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടുവെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായും പോലീസ് പറയുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ ആന്റണിയും കുടുംബവും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുഴൂര്‍ പഞ്ചായത്ത് പരിധിയില്‍ വ്യാപാരികള്‍ കടയടച്ചിട്ട് പ്രതിഷേധവും നടത്തിയിരുന്നു. അസഭ്യം നടത്തിയതിനും വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതിനും പള്ളിവികാരിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്യായമായി വഴിതടയല്‍, അശ്ലീല പരാമര്‍ശം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.