വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍; ഹൈക്കോടതി തീരുമാനം വൈകുന്നതിനാല്‍ അസാധാരണ നടപടി
കൊല്ലം: വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ല. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നും മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.
പത്തു വര്‍ഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരേ കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്. 2021 ജൂണിലാണ് കൊല്ലം സ്വദേശിനിയായ വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരണ്‍ കുമാറിനെ പ്രതിയാക്കുകയും ചെയ്തു.
10 വര്‍ഷത്തെ തടവാണ് കോടതി കിരണിന് വിധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പോലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി. കിരണ്‍ വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് എതിരായിരുന്നുവെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതിനാല്‍ കിരണിന് 30 ദിവസത്തെ പരോള്‍ ജയില്‍ മേധാവി അനുവദിച്ചു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിച്ചത്.