അറിവ് ഉപയോഗിച്ച് ജീവിതനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം നാടിന്റെ സമ്പദ്ഘടനയുടെ വിപുലീകരണവും സാധ്യമാകണം; അറിവിനെ ജനോപകാരപ്രദമാക്കി മാറ്റണം: മന്ത്രി ഡോ ആര്‍ ബിന്ദു
തിരുവനന്തപുരം: അറിവിനെ ജനോപകാരപ്രദമാക്കി മാറ്റണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തൃക്കാക്കര ഗവ മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ പുതിയതായി നിര്‍മ്മിച്ച മെഷീന്‍ ടൂള്‍ ലാബിന്റെയും കോമണ്‍ കമ്പ്യൂട്ടിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഠന - ഗവേഷണങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന അറിവ് പൊതുസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കണം. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായം വളര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കരിക്കുലം പരിഷ്‌കാരമുള്‍പ്പെടെ നടപ്പിലാക്കി. വിദ്യാര്‍ത്ഥികള്‍ തന്നെ അറിവിന്റെ സ്രഷ്ടാക്കളായി മാറണം. അറിവ് ഉപയോഗിച്ച് ജീവിതനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം നാടിന്റെ സമ്പദ്ഘടനയുടെ വിപുലീകരണവും സാധ്യമാകണം. ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കി മുന്നേറുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്. സംസ്ഥാനത്ത് എഞ്ചിനീയറിങ് മേഖലയില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആലോചിച്ചപ്പോള്‍ അതില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് മോഡല്‍ എന്‍ജിനീയറിങ് കോളേജ് ആണ്. അതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് സയന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പഠന അന്തരീക്ഷം ഇവിടെ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ രണ്ട് മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്ന് തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ് ആണെന്നും മന്ത്രി പറഞ്ഞു.
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ കലാലയത്തില്‍ നിന്ന് ജനോപകാരപ്രദമായ ധാരാളം ശ്രമങ്ങള്‍ ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സ്പീച്ച് തെറാപ്പിക്ക് സഹായകമാകുന്ന സാങ്കേതികവിദ്യ, പച്ചക്കറികളിലും പഴങ്ങളിലും ഹാനികരമായ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള സാങ്കേതികവിദ്യ, മറവി രോഗമുള്ളവര്‍ക്ക് സഹായകമാവുന്ന സാങ്കേതികവിദ്യ തുടങ്ങിയവ വികസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണ്. നവ കേരള സൃഷ്ടിയില്‍ വഴികാട്ടിയായി മാറാന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ഉടലെടുക്കുന്ന നൂതനാശയങ്ങളെ സംരംഭങ്ങളായി വളര്‍ത്താനുള്ള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍, ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ മുതലായ പദ്ധതികള്‍ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ഐ.എച്ച്.ആര്‍.ഡിയുടെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 220 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക നിലവാരത്തില്‍ ആണ് മെഷീന്‍ ടൂള്‍ ലബോറട്ടറിയും കോമണ്‍ കമ്പ്യൂട്ടിംഗ് സെന്ററും നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ വി.എ അരുണ്‍കുമാര്‍, നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നൗഷാദ് പല്ലച്ചി, നഗരസഭ കൗണ്‍സിലര്‍ ഇ.പി കാദര്‍ കുഞ്ഞ്, കോളേജ് ഡീന്‍ ഡോ. വി.ജി രാജേഷ്, പ്രിന്‍സിപ്പാള്‍ ഡോ. എം.ജി മിനി, കമ്പ്യൂട്ടര്‍ വകുപ്പ് മേധാവി ഡോ. വി.പി ബിനു, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. രാകേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് അനില്‍ ജോസഫ്, കോളേജ് സെനറ്റ് ചെയര്‍പേഴ്‌സണ്‍ സന മരിയ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.