ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല; കെഎസ്ആര്‍ടിസി ബസില്‍ നിന്നും രാത്രിയില്‍ അസുഖബാധിതയായ യുവതിയെ നടുറോഡില്‍ ഇറക്കിവിട്ടു; പരാതിയില്‍ ഔദ്യോഗിക അന്വേഷണം തുടങ്ങിയില്ലെന്ന് അധികൃതര്‍
വെള്ളറട: ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാരിയായ യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടെന്ന് പരാതി. വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി 10 മണിയോടെ ബസില്‍ നിന്ന് ഇറക്കി വിട്ടത്.സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ആശുപത്രിയില്‍ പോയി വരവേ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 10 മണിയോടെ കണ്ടക്ടര്‍ നടുറോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയില്‍ പറയുന്നു.സുഖമില്ലാത്ത തന്നെ ഭര്‍ത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് ഡിപ്പോ അധികൃതര്‍ക്ക് പരാതി നല്‍കിയതെന്നും ദിവ്യ പറഞ്ഞു. എന്നാല്‍ യുവതിയുടെ പരാതിയില്‍ ഔദ്യോഗിക അന്വേഷണം തുടങ്ങിയില്ലെന്നാണ് വെള്ളറട ഡിപ്പോയിലെ അധികൃതര്‍ അറിയിച്ചത്.