ഇറച്ചി കടയിൽ കയറിയ അധികൃതർ അറിയാതെ..മൂക്ക് പൊത്തി; ചുറ്റും കണ്ടത് പഴകിയ മാംസങ്ങൾ; കോഴിക്കോട്ടെ ചിക്കന്‍ സ്റ്റാളിന് എട്ടിന്റെ പണി

Update: 2026-01-22 16:25 GMT

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ടൗണിൽ പ്രവർത്തിക്കുന്ന എം.ആർ. ചിക്കൻ സ്റ്റാളിൽ നിന്ന് 90 കിലോഗ്രാം പഴകിയ കോഴിയിറച്ചി ആരോഗ്യ വകുപ്പ് അധികൃതർ പിടികൂടി. ഗുണനിലവാരമില്ലാത്ത ഇറച്ചി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം ഉദ്യോഗസ്ഥർ അടച്ചുപൂട്ടി.

തിരുവങ്ങൂർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. ഷീബയുടെ നിർദേശാനുസരണം കാപ്പാട് ടൂറിസം പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും നടന്ന രാത്രികാല പരിശോധനയുടെ ഭാഗമായായിരുന്നു നടപടി.

പരിശോധനയിൽ, ബീച്ചിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും അവ നശിപ്പിക്കുകയും ചെയ്തു. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാത്തതും ആരോഗ്യ കാർഡ് ഇല്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങൾക്ക് ഇവ ഉടൻതന്നെ ശരിപ്പെടുത്താൻ നിർദേശം നൽകി. കൂടാതെ, പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News