ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി; കുഞ്ഞിന് നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല
കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ കുഞ്ഞിനെ യാത്രക്കാരനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞ യുവതിയെയാണ് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിയത്. നിലവില്‍ കുഞ്ഞുമായി ബന്ധപ്പെട്ട രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുഞ്ഞിനെ അമ്മയോടൊപ്പം വിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ സി.ഡബ്ല്യു.സി ഉടന്‍ തീരുമാനമെടുക്കും.
തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട്ടുനിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതി കുഞ്ഞിനെ സീറ്റില്‍ കിടത്തുകയും, സഹയാത്രക്കാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി അസീസിനോട് കുഞ്ഞിനെ ഒന്ന് നോക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിലേക്ക് പോകുകയുമായിരുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഫറോക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അസീസ് സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയും കുഞ്ഞിനെ കൈമാറുകയും ചെയ്തു. റെയില്‍വേ പോലീസും ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കും ചേര്‍ന്ന് കുഞ്ഞിനെ സെന്റ് വിന്‍സെന്റ് ഹോമിലെ ശിശുഭവനിലേക്ക് മാറ്റിയിരുന്നു.
യുവതി മുന്‍പും സമാനമായ രീതിയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. കുഞ്ഞിന് നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. അമ്മയെ കണ്ടെത്തിയ സാഹചര്യത്തില്‍ അവരുടെ മാനസികാവസ്ഥയും കുടുംബ പശ്ചാത്തലവും പരിശോധിച്ച ശേഷമായിരിക്കും സി.ഡബ്ല്യു.സി അടുത്ത നടപടി സ്വീകരിക്കുക. കുഞ്ഞിനെ സുരക്ഷിതമായി അധികൃതര്‍ക്ക് കൈമാറിയ യാത്രക്കാരന്‍ അസീസിന്റെ ഇടപെടല്‍ വലിയ പ്രശംസയ്ക്ക് പാത്രമായി.