സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി. സമയം കൂട്ടി; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി. സമയം കൂട്ടി; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍

Update: 2026-03-10 01:44 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി. സമയം കൂട്ടി. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് പുതിയ ഒ.പി സമയം. ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഒ.പി സമയം നീട്ടിയത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ഒ.പി. സമയം എട്ടുമുതല്‍ രണ്ടുവരെയാക്കി. നേരത്തെ എട്ട് മുതല്‍ ഒരു മണി വരെയായിരുന്നു. ഒരു മണിക്കൂര്‍ സമയം കൂട്ടിയതിനെതിരെ KGMOA രംഗത്തെത്തി. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ എട്ടു മുതല്‍ മൂന്ന് വരെയാക്കും. ഡപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ്. കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വര്‍ധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

സൂപ്രണ്ട്, ആര്‍.എം.ഒ., കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സര്‍ജന്‍, ചീഫ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ തുടങ്ങിയ വിവിധവിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ജോലിയും ഉത്തരവാദിത്വവും പുനര്‍നിര്‍ണയിച്ചുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡ്യൂട്ടി ദിവസങ്ങളില്‍ ആശുപത്രിയുടെ എട്ടു കിലോമീറ്ററിനുള്ളില്‍ താമസിക്കണം. യാത്രയ്ക്ക് ആശുപത്രി വാഹനം നല്‍കും.

ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാന്‍ ശാസ്ത്രീയമായ രീതിയില്‍ തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികള്‍ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടര്‍മാരെ കടുത്ത ശാരീരിക-മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഒ.പി. സമയം വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഗവണ്മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News