യുവതലമുറയെ തെരുവിലിട്ട് അപമാനിക്കുന്നു; പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര്‍ കേരളത്തിന് അപമാനമെന്ന് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സമരം ചെയ്യുന്ന എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ കണ്ണീര്‍ കേരളത്തിന്റെ മനസ്സാക്ഷിയെ നോവിക്കുന്നതാണെന്നും സര്‍ക്കാര്‍ ഈ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നീതിതേടി തെരുവിലിറങ്ങേണ്ടി വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസ്ഥ കേരളത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമരപ്പന്തലിലുള്ള ഉദ്യോഗാര്‍ത്ഥികളുമായി ഓണ്‍ലൈനായി സംസാരിച്ചതിന് പിന്നാലെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പത്തുമാസം കഴിഞ്ഞിട്ടും എട്ടു ജില്ലകളില്‍ ഒരാളെപ്പോലും നിയമിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം പി.എസ്.സി എന്ന സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചും ആറും വര്‍ഷം കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റില്‍ ഇടംപിടിച്ച പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് കുഞ്ഞുമക്കളെയും രോഗികളായ മാതാപിതാക്കളെയും വീട്ടിലാക്കി തെരുവില്‍ കിടക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. തസ്തിക നഷ്ടപ്പെടുന്നുവെന്ന സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാതെ, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം 1:25 ആയി കുറച്ചും ഹെഡ്മാസ്റ്റര്‍ തസ്തികകള്‍ റെഗുലറൈസ് ചെയ്തും ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അഭ്യസ്തവിദ്യരായ യുവതലമുറയെ തെരുവില്‍ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാല്‍, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. സമരരംഗത്തുള്ള മുഴുവന്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തന്റെയും പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.