ജോലി ചെയ്യുന്നതിനിടെ നാലുപേർ ഇരച്ചെത്തി കലി തീരുന്നതുവരെ അടിച്ചുനുറുക്കി; കൂടെ ഇരുമ്പ് വടി പ്രയോഗവും; കോഴിക്കോട് മുസ്ലിം ലീഗ് പ്രവര്‍ത്തകന് പരിക്ക്; പിന്നില്‍ എസ്‍ഡിപിഐ എന്ന് പരാതി

Update: 2026-01-22 15:42 GMT

കോഴിക്കോട്: നടുവണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം. അഴിയൂർ സ്വദേശിയായ ടി.ജി. ഷക്കീറിനാണ് ഇരുമ്പുവടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള മർദനത്തിൽ സാരമായി പരിക്കേറ്റത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.

നടുവണ്ണൂർ മന്ദങ്കാവിലെ സ്വകാര്യ ഗോഡൗണിൽ ജോലി ചെയ്യുന്നതിനിടെ വൈകുന്നേരത്തോടെയാണ് ഷക്കീറിന് നേരെ ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ നാലുപേർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശരീരത്തിലുടനീളം സാരമായി പരിക്കേറ്റ ഷക്കീറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് മേഖലയിൽ എസ്ഡിപിഐ - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. ഈ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നത്.

Tags:    

Similar News