പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
ചെങ്ങന്നൂര്‍: ചെന്നിത്തല ഒരുപ്രം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കായംകുളം കണ്ടല്ലൂര്‍ പുതിയവിള വേലന്‍ചിറയില്‍ അഭിരാമത്തില്‍ കെ.പി. ബിജുവിന്റെയും മുതുകുളം സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്റെയും മകന്‍ അഭിഗീതാണ് (16) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷവും ഒരു വിദ്യാര്‍ഥി കാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്തിരുന്നു. അഭിഗീത് രാവിലെ ക്ലാസിലെത്തിയിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം എത്തിയില്ല. ഹോസ്റ്റലിനോട് ചേര്‍ന്ന വാഷ് റൂം ഏരിയയുടെ പിന്നില്‍ തുണി അലക്കുന്നതിനായി സൈഡിലെ ഭിത്തിയോടു ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയ നനകല്ലിനു മുകളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിഫോം ധരിച്ച് ചെരുപ്പിട്ട് കാല്‍മുട്ടുകള്‍ മടക്കി ഭിത്തിയില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഷീറ്റിട്ടിരുന്ന ചാര്‍ത്തിന്റെ ഫ്രെയിമില്‍ തൂങ്ങിയ തുണിയുടെ ഒരു വശത്തെ രണ്ടു മൂലകളില്‍ ഒരു കോന്തല മാത്രമാണ് കെട്ടിയിരുന്നതായി വ്യക്തമായി കാണാന്‍ കഴിയുന്നത്. മറുവശം അഴിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഒരു കുട്ടിയാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് അധ്യാപികയെ അറിയിക്കുകയായിരുന്നു. സമീപത്ത് മൂന്നു ബക്കറ്റുകള്‍ പൊട്ടിയ നിലയില്‍ കാണപ്പെട്ടിരുന്നതില്‍ രണ്ടും പിന്നീട് കാണാതായതായും പറയപ്പെടുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
സഹോദരന്‍: അഭിനന്ദ് (എം.ബി.ബി.എസ് വിദ്യാര്‍ഥി). എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതക്കാരനായ മകന്‍ തിങ്കളാഴ്ച രാത്രിയിലും വിളിച്ചിരുന്നതായും സംസാരത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും പിതാവ് കെ.പി. ബിജു പറഞ്ഞു. മകന്‍ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നും ബിജു പറഞ്ഞു.
