അര്‍ത്തുങ്കലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
അര്‍ത്തുങ്കല്‍: വാഹനം വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും പണവും കാറുകളും കവര്‍ന്നതുമായ കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളികളുള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഒന്നാം പ്രതി ചേര്‍ത്തല തെക്ക് പി ഒ ആശാരിപ്പറമ്പ് വീട്ടില്‍ കുരുട് എന്ന് വിളിക്കുന്ന സതീഷ് (34), അഞ്ചാം പ്രതി ഞാറക്കല്‍ വാര്‍ഡ് പതിമൂന്നില്‍ പെരുമ്പള്ളിക്കര കൊല്ലംവേലിക്കകത്ത് വീട്ടില്‍ ലിംബൂട്ടന്‍ എന്ന് വിളിക്കുന്ന ജോസഫ് ലിബിന്‍ ഡിക്രൂസ് (30), ആറാം പ്രതി എറണാകുളം ഉദയംപേരൂര്‍ പാലത്തിങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (28) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേര്‍ത്തല സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പിടിയിലായവര്‍ കൊടുംകുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകവും വധശ്രമവും ഉള്‍പ്പെടെ പതിമൂന്നോളം കേസുകളില്‍ ഈ കേസിലെ ഒന്നാം പ്രതിയായ സതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചാം പ്രതി ജോസഫ് ലിബിന്‍ ഡിക്രൂസിനെതിരെ എറണാകുളത്ത് നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കൂടാതെ, ഈ കേസിലെ ഏഴാം പ്രതിയായ കലേഷ് അരൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി കേസുകളില്‍ പ്രതിയുമാണ്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. എസ് ഐ ഡി. സഞ്ജീവ് കുമാര്‍, എ എസ്‌ഐ ബൈജു കെ ആര്‍, സീനിയര്‍ സി പി ഒ ജിതിന്‍, സി പി ഒ മാരായ നന്ദുലാല്‍, യദു പ്രിയ, ഡി വൈ എസ് പി സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥനായ സീനിയര്‍ സി പി ഒ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.