കാട്ടാനകളെ തുരത്തുന്നതിനിടെ തിരിഞ്ഞാക്രമിച്ചു; വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ക്ക് ദാരുണാന്ത്യം: നെഞ്ചിനും കാലിനും പരിക്ക്
കാട്ടാനകളെ തുരത്തുന്നതിനിടെ തിരിഞ്ഞാക്രമിച്ചു; വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു
അലനല്ലൂര്‍: കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാന തിരിഞ്ഞാക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ മരിച്ചു. തിരുവിഴാംകുന്ന് പുളിക്കലടി ആദിവാസി സങ്കേതത്തിലെ തെക്കേപുളിക്കലടി ഷൈജു (25) ആണ് ദാരുണമായി മരിച്ചത്. നെഞ്ചില്‍ ചവിട്ടേല്‍ക്കുകയും, കലിനു പൊട്ടലേല്‍ക്കുകയും ചെയ്ത ഷൈജുവിനെ ഉടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കച്ചേരിപ്പറമ്പ് ചെന്നേരി ജനവാസ മേഖലയോടു ചേര്‍ന്ന ഭാഗത്താണ് കാട്ടാനകള്‍ എത്തിയത്. ഇവിടെ തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തില്‍ തുരത്തുന്നതിനിടെ ഒരു ആന ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ ആളുകള്‍ ചിതറി ഓടിയെങ്കിലും ഷൈജുവിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ നാലു വര്‍ഷമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ താല്‍ക്കാലിക വാച്ചറാണ്. പരേതനായ ഗോപാലന്റെയും ശാരതയുടെയും മകനാണ്. സഹോദരങ്ങള്‍. ബിജു, ഷിജു, ബിന്ദു, സിന്ധു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇന്ന് നടക്കും. വനപലകര്‍, ആര്‍ആര്‍ടി, വാച്ചര്‍മാര്‍ എന്നിവരടങ്ങുന്ന 19 അംഗ സംഘം ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് കാട്ടാനകളെ തുരത്തല്‍ ആരംഭിച്ചത്.