ഇത്രയും വലിയ അളവില്‍ പിടിച്ചെടുക്കുന്നത് ഇത് ആദ്യം; വയനാട്ടില്‍ വന്‍ ലഹരി വേട്ട; ആലയില്‍ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്നുകള്‍; രണ്ടുപേരെ പൊക്കി പോലീസ്

Update: 2026-01-22 17:30 GMT

മാനന്തവാടി: വയനാട് ജില്ലയിൽ വൻ ലഹരിവേട്ട. പോത്തുവളർത്തുന്ന ആലയിൽ ഒളിപ്പിച്ച നിലയിൽ 1.405 കിലോഗ്രാം ഹാഷിഷ് ഓയിലും 320 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ തവിഞ്ഞാൽ സ്വദേശികളായ രണ്ട് യുവാക്കളെ വയനാട് ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലയുടെ ചരിത്രത്തിൽ ഇത്രയും വലിയ അളവിൽ ഹാഷിഷ് ഓയിൽ പിടികൂടുന്നത് ഇത് ആദ്യമായാണ്.

തലപ്പുഴ തവിഞ്ഞാൽ മക്കിമലയിലെ പുല്ലാട്ട് വീട്ടിൽ പി. റഷീദ് (43), സിക്സ്ത്ത് നമ്പർ കോളനിയിലെ പി. ജയരാജ് (25) എന്നിവരാണ് കസ്റ്റഡിയിലായത്. ബുധനാഴ്ച വൈകിട്ടോടെ റഷീദിന്റെ വീടിന്റെ പരിസരത്തുള്ള പോത്തിന്റെ ആലയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്നുകൾ കണ്ടെത്തിയത്.

അറസ്റ്റിലായ റഷീദിന് തലപ്പുഴ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലും മാനന്തവാടി എക്സൈസിലും നിലവിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ജയരാജിനെതിരെ പോക്സോ കേസുൾപ്പെടെ മൂന്ന് കേസുകൾ തലപ്പുഴ സ്റ്റേഷനിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തലപ്പുഴ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആർ. അനീഷ് കുമാർ, എസ്.ഐ കെ.കെ. സോബിൻ, എ.എസ്.ഐ ബിഷു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജുമോൻ, ജിനീഷ്, വിജയൻ, പ്രവീൺ, വാജിദ്, ഡ്രൈവർ മിഥുൻ, സിവിൽ പോലീസ് ഓഫീസർ ചിഞ്ചു എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

Tags:    

Similar News