ഗുരുവായൂരപ്പന് 21.75 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമ്മാനിച്ച് ഭക്ത; ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് 1,601 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം

ഗുരുവായൂരപ്പന് 21.75 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമ്മാനിച്ച് ഭക്ത

Update: 2026-01-23 01:03 GMT

തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി 21.75 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമ്മാനിച്ച് ഭക്ത. വിശേഷദിവസങ്ങളില്‍ കണ്ണന് ചാര്‍ത്താന്‍ പാകത്തില്‍ 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടമാണ് വഴിപാടായി ലഭിച്ചത്. മുത്തുകളും കല്ലുകളും പതിച്ച് ആകര്‍ഷകമായി നിര്‍മിച്ച കിരീടം കണ്ണന് സമര്‍പ്പിച്ചത് തൃശ്ശൂരിലെ അജയ് ആന്‍ഡ് കമ്പനി ഉടമ സി.എസ്. അജയ്കുമാറിന്റെ പത്‌നി സിനി അജയ്കുമാറാണ്. വ്യാഴാഴ്ച ഉച്ചയോടെ കൊടിമരത്തിനു മുന്നില്‍വെച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കലുമുണ്ടായി.

പുതിയ കിരീടവും എത്തിയതോടെ ഗുരുവായൂരപ്പന്റെ ആസ്തിയിലുള്ളത് 1,601 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം. ആകെ 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത്. ഇത് ഏതാണ്ട് 13,9895 പവന്‍ വരും. പവന് 1,14,500 രൂപ കണക്കാക്കിയാല്‍ ഇതിന് 1,601 കോടി ലഭിക്കും.

സ്വര്‍ണനിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയില്‍ നിക്ഷേപിച്ചതാണ് 869 കിലോ സ്വര്‍ണം. ഡബിള്‍ ലോക്കര്‍ രജിസ്ട്രറില്‍ രേഖപ്പെടുത്തിയ 245.52 കിലോഗ്രാം സ്വര്‍ണം വേറെയുമുണ്ട്. ഇതു കൂടാതെ സ്വര്‍ണ ലോക്കറ്റുകള്‍ തയ്യാറാക്കാനായി നല്‍കിയതിന്റെ ബാക്കി 4.46 കിലോഗ്രാം കേന്ദ്രസര്‍ക്കാരിന്റെ മുംബൈ മിന്റില്‍ ഉണ്ട്.

സ്വര്‍ണം കൂടാതെ വന്‍ വെള്ളിനിക്ഷേപവും ദേവസ്വത്തിനുണ്ട്. ഡബിള്‍ ലോക്കര്‍ രജിസ്ട്രര്‍ പ്രകാരം 1,357 കിലോ വെള്ളിയാണുള്ളത്. ദേവസ്വത്തിന്റെ 4978.89 ഗ്രാം വെള്ളി കേന്ദ്രസര്‍ക്കാരിന്റെ ഹൈദരാബാദ് മിന്റില്‍ ഉണ്ട്. ഇങ്ങനെ ആകെ 6,335 കിലോ വെള്ളിയാണ് ദേവസ്വത്തിനുള്ളത്. 215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ദേവസ്വത്തിലുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ ക്ഷേത്രങ്ങളില്‍ വേറെയും സ്വര്‍ണ-വെള്ളി ഉരുപ്പടികളുണ്ടെന്നും മറുപടിയിലുണ്ട്. ഗുരുവായൂര്‍ ദേവസ്വം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. ഷാജു ശങ്കറാണ് വിവരങ്ങള്‍ നല്‍കിയത്.

Tags:    

Similar News