മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് മരണം; അടിയന്തര റിപ്പോര്‍ട്ട് തേടി വനംമന്ത്രി; നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും

ആനയിടഞ്ഞ് മൂന്ന് മരണം; അടിയന്തര റിപ്പോര്‍ട്ട് തേടി വനംമന്ത്രി

Update: 2025-02-13 16:27 GMT

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനകളിടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടും (സോഷ്യല്‍ ഫോറസ്ട്രി) ആവശ്യപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു.

നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. രണ്ട് ആനകള്‍ ഇടഞ്ഞുണ്ടായ സംഭവത്തില്‍ മൂന്ന് പേരാണ് മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ഗുരുതരമാണ്. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പടക്കം പൊട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ആന വിരണ്ടത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് പരുക്കേറ്റിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് മണക്കുളങ്ങര ഭ?ഗവതി ക്ഷേത്രത്തില്‍ ആനകളിടഞ്ഞത്. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയും ചെയ്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Similar News