വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട; ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമാനുസൃതമായി; ന്യായീകരണവുമായി എം വി ജയരാജന്‍
ടി.പി കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമാനുസൃതമായി: എം വി ജയരാജന്‍
കണ്ണൂര്‍: കോടതി പരോള്‍ കൊടുക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ച പ്രതികള്‍ ഒഴിച്ചു ബാക്കിയെല്ലാവര്‍ക്കും ജയില്‍ ചട്ടമനുസരിച്ച് പരോള്‍ നല്‍കാമെന്നും ടി.പി വധകേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് നിയമാനുസൃതമായാണെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.കണ്ണൂര്‍ പാറക്കണ്ടിയിലെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇതു കൊണ്ടൊന്നും കമ്യുണിസ്റ്റുകാരെ പേടിപ്പിക്കാനാവില്ല. വെടിക്കെട്ടുകാരുടെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് പോലെയാണിത്. നിയമാനുസൃതമല്ലാതെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ ആര്‍ക്കും കഴിയില്ല. കൂടുതല്‍ കാലം ജയിലില്‍ കിടന്നതുകൊണ്ടാണ് പരോള്‍ അനുവദിച്ചത്. നീതിയും നിയമവും നടപ്പിലാക്കുന്ന സര്‍ക്കാരാണിത്. എന്റെ ഓര്‍മ്മയില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചത് മമ്പറം ദിവാകരനാണ.് ഏഴു വര്‍ഷം ശിക്ഷിച്ച മമ്പറം ദിവാകരന്‍ ഏഴു ദിവസം മാത്രമേ ജയിലില്‍ കിടന്നിട്ടുള്ളു.
ഞങ്ങളെയൊക്കെ കൊല കേസ് പ്രതികളെയെന്ന പോലെയാണ് പിടിച്ചു ജയിലില്‍ കൊണ്ടു പോയത്. കമ്യുണിസ്റ്റുകാര്‍ക്ക് തടവറ ഭയക്കേണ്ട കാര്യമില്ല. നിയമം ജയരാജനും വി.ഡി സതീശനും ഒരുപോലെയാണെന്ന് പ്രതിപക്ഷനേതാവ് ഓര്‍ക്കണം. ഈ സര്‍ക്കാരിന്റെ കാലത്ത് നീതിയും നിയമവുമാണ് നടപ്പിലാക്കുന്നത്. തെറ്റു ചെയ്തപ്പോള്‍ സിനിമ സൂപ്പര്‍സ്റ്റാറിനെ പ്പോലും ജയിലില്‍ കിടത്തിയ സര്‍ക്കാരാണിത്.
വി.ഡി സതീശന്‍ നിയമസഭയില്‍ അപവാദ പ്രചാരണം നടത്തുകയാണ്. എല്ലാ തൊഴില്‍ സംസ്‌കാരത്തെയും ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് ആക്ഷേപിച്ച നേതാവാണ് സതീശന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തെന്നും എം. വി. ജയരാജന്‍ പറഞ്ഞു. കേരളീയരെ മുഴുവന്‍ അപമാനിക്കുന്നവരാണ് നമ്മുടെ കേന്ദ്ര സഹമന്ത്രിമാര്‍. ഉന്നതകുല ജാതര്‍ക്ക് മാത്രമേ മന്ത്രിയായി ജനങ്ങളെ ഭരിക്കാന്‍ കഴികയുള്ളുവെന്നു ഒരാള്‍ പറയുമ്പോള്‍ കേരളം സാമ്പത്തികമായി കടക്കെണിയിലായാല്‍ മാത്രമേ സാമ്പത്തിക സഹായം അനുവദിക്കാന്‍ കഴിയുകയുള്ളുവെന്നാണ് മറ്റൊരാള്‍ പറയുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു.