പേരാവൂര്‍ തന്റെ മണ്ണ്;ജനങ്ങള്‍ ഒരവസരം കൂടി നല്‍കണം; പേരാവൂരില്‍ വിജയപ്രതീക്ഷയോടെ കെ.കെ. ശൈലജ

Update: 2026-03-16 08:37 GMT

കണ്ണൂര്‍: പേരാവൂര്‍ താന്‍ ജനിച്ചുവളര്‍ന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക് ഒരവസരം കൂടി നല്‍കണമെന്നും സിപിഎം നേതാവ് കെ.കെ. ശൈലജ. പാര്‍ട്ടി തീരുമാനപ്രകാരമാണ് ഇത്തവണ പേരാവൂരില്‍ മത്സരിക്കുന്നതെന്നും ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശൈലജ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കിയ പാര്‍ട്ടി തീരുമാനത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു.

രണ്ടു തവണ തുടര്‍ച്ചയായി വിജയിച്ച എംഎല്‍എമാര്‍ മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടെങ്കില്‍പ്പോലും വീണ്ടും മത്സരിക്കേണ്ടതില്ല എന്നത് പാര്‍ട്ടിയുടെ പൊതുവായ നയമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പോളിറ്റ് ബ്യൂറോ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. മട്ടന്നൂരില്‍ കഴിഞ്ഞ തവണ മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. പേരാവൂരില്‍ മുമ്പ് മത്സരിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം വലിയ മാറ്റങ്ങള്‍ പേരാവൂരിലുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്നും മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ശൈലജ വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ അന്ന് മന്ത്രി ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഗുരുതരമായ എന്തെങ്കിലും സംഭവിക്കാതെ മന്ത്രി അത്രയേറെ അസ്വസ്ഥയാകില്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

Similar News