അമ്പലപ്പുഴയില്‍ മുന്‍ മന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധം; കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് പാര്‍ട്ടി വിട്ടു
ആലപ്പുഴ: അമ്പലപ്പുഴയില്‍ മുന്‍ മന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് പാര്‍ട്ടി വിട്ടു. 52 വര്‍ഷത്തെ സുദീര്‍ഘമായ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രാദേശിക നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ വിശ്വാസത്തിലെടുക്കാതെ വിമാനത്തില്‍ ദല്‍ഹിയില്‍ നിന്ന് കെട്ടിയിറക്കിയ തീരുമാനമാണ് സുധാകരനുള്ള പിന്തുണയെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
ജി. സുധാകരനെ പിന്തുണയ്ക്കുന്നതിലൂടെ അമ്പലപ്പുഴയിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ നേതൃത്വം ചോദ്യം ചെയ്തിരിക്കുകയാണ്. ചെങ്കൊടി മാത്രം പാറുന്ന വീട്ടില്‍ കെഎസ്യു കൊടിയുയര്‍ത്തി രാഷ്ട്രീയത്തിലേക്ക് വന്ന തനിക്ക് ഇത്രയും വലിയ അപമാനം സഹിക്കാനാവില്ലെന്ന് ജോബ് പറഞ്ഞു. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച ചരിത്രമാണ് സുധാകരനും സിപിഎമ്മിനുമുള്ളത്. കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദ്ദിച്ച സുധാകരന്‍ അത് തെറ്റായിപ്പോയെന്ന് ഒരിടത്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എം.വി. രാഘവനും ഗൗരിയമ്മയും മുന്നണിയിലെത്തിയപ്പോള്‍ ഉണ്ടായ വിസ്മയം എവിടെ അവസാനിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ജി. സുധാകരന് പിന്തുണ നല്‍കുന്നതിന് മുന്‍പ് അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആലോചിക്കാനുള്ള മര്യാദ പോലും നേതൃത്വം കാണിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഇത്തരം തെറ്റായ തീരുമാനങ്ങള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ ബീഹാര്‍ മോഡലിലേക്ക് തള്ളിവിടുകയാണ്. സുധാകരന്‍ എത്ര മഹാന്‍ ആണെങ്കിലും പാര്‍ട്ടിയോട് അപേക്ഷിച്ചല്ല പിന്തുണ നേടിയത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.