ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീനയെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു; ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണ്ണായക നീക്കങ്ങളിലേക്ക്

Update: 2026-03-16 08:18 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണയന്ത്രത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീനയെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ ഈ കര്‍ശന നടപടി.

1993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് നരിയലയെ പുതിയ ചീഫ് സെക്രട്ടറിയായും സംഘമിത്ര ഘോഷിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായും കമ്മീഷന്‍ നിയമിച്ചു. നിലവില്‍ മാറ്റിനിര്‍ത്തപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലകളിലും നിയോഗിക്കരുതെന്ന് കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതും, ഭരണകക്ഷിയുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളുമാണ് കമ്മീഷനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രില്‍ 23-നും രണ്ടാം ഘട്ടം ഏപ്രില്‍ 29-നും നടക്കും. വോട്ടെണ്ണല്‍ മേയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Similar News