ഇടുക്കി താലൂക്കില്‍ മാത്രം മൂന്നിടത്ത് അനധികൃത പാറഖനനം കണ്ടെത്തി; പിന്നില്‍ ലക്ഷങ്ങള്‍ പിഴ ചുമത്തപ്പെട്ടവര്‍ തന്നെ
ഇടുക്കി താലൂക്കില്‍ മാത്രം മൂന്നിടത്ത് അനധികൃത പാറഖനനം കണ്ടെത്തി
ഇടുക്കി: ഇടുക്കി താലൂക്കില്‍ മാത്രം മൂന്നിടത്ത് വന്‍ തോതില്‍ അനധികൃത പാറഖനനം നടക്കുന്നതായി കലക്ടര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തല്‍. ഇടുക്കി താലൂക്കിലെ ഉപ്പുതോട്, തങ്കമണി എന്നീ വില്ലേജുകളില്‍ നടത്തിയ പരിശോധനയിലാണ് മൂന്നിടത്ത് അനധികൃതമായി പാറ പൊട്ടിക്കുന്നതായി കണ്ടെത്തിയത്. അനധികൃത ഖനനം നടത്തിയതിന് മുന്‍പ് ലക്ഷങ്ങള്‍ പിഴ ചുമത്തപ്പെട്ടവര്‍ തന്നെയാണിതിന് പിന്നിലെന്നാണ് കണ്ടെത്തിയത്. ഇവര്‍ക്ക് വീണ്ടും പിഴ ചുമത്താനുള്ള നടപടികള്‍ ഇടുക്കി ജില്ലാ ഭരണകൂടം തുടങ്ങി.
രണ്ടു പേരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ വിമലഗിരി സ്വദേശി ഉണ്ണിക്കൃഷ്ണന് 32 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയിരുന്നു. 11965 മെട്രിക് ടണ്‍ പാറ അനധികൃതമായി പൊട്ടിച്ച് കടത്തിയതിനാണ് പിഴ ചുമത്തിയത്.
അതോടൊപ്പം ഉപ്പുതോട് ഭാഗത്തുള്ള മേരി ജോണ്‍ എന്നയാള്‍ക്കും 27 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇവര്‍ പിഴയൊടുക്കാതെ വീണ്ടും അനധികൃത ഖനനം നടത്തുന്നതായി കഴിഞ്ഞ ഒക്ടോബറില്‍ കളക്ടര്‍ക്ക് ജില്ലാ ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
ഒരു മെട്രിക് ടണ്‍ പാറക്ക് 240 രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പിഴ ഈടാക്കുന്നത്. സ്വകാര്യ വ്യക്തികളെ സ്വാധീനിച്ച് പുരയിടത്തില്‍ നിന്നും ക്വാറി മാഫിയ പലയിടത്തു നിന്നും പാറ പൊട്ടിച്ചു കടത്തിയിട്ടുണ്ട്. ഇത് ചെയ്തവരെ കണ്ടെത്താന്‍ പൊലീസിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഉടുമ്പന്‍ചോല താലൂക്കിലെ കുത്തകപ്പാട്ട ഏലത്തോട്ടങ്ങള്‍ക്കുള്ളില്‍ പാറ ഖനനം നടക്കുന്നതായും റവന്യൂ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിനായി നിയോഗിച്ച സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. ഖനനം നടത്തിയിവര്‍ക്ക് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ മരുമകനുമായുള്ള ബന്ധവും സംഘം അന്വേഷിക്കുന്നുണ്ട്.