കാല്‍നടയാത്രക്കാരെ ഇടിപ്പിക്കാന്‍ ശ്രമം; പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ ഇടിച്ചു തകര്‍ത്തു; മദ്യലഹരിയില്‍ കാര്‍ അമിത വേഗതയില്‍ ഓടിച്ച് പരാക്രമം; നാല് പേര്‍ക്ക് പരിക്കേറ്റു

മദ്യലഹരിയില്‍ കാര്‍ അമിത വേഗതയില്‍ ഓടിച്ച് പരാക്രമം; നാല് പേര്‍ക്ക് പരിക്കേറ്റു

Update: 2025-02-25 12:25 GMT

പത്തനംതിട്ട: മദ്യപിച്ച് കാര്‍ അമിത വേഗതയില്‍ ഓടിച്ച് കാല്‍നടയാത്രക്കാരെയടക്കം വാഹനം ഇടിപ്പിക്കാന്‍ ശ്രമം. പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു.

ഇവിടെ വില്‍പ്പനയ്ക്കായി വച്ചിരുന്ന രണ്ട് കാറുകളും കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ്, കുറ്റുമണ്ണില്‍ ബിനു വര്‍ഗീസ് എന്നിവരെ കൂടല്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

ചൊവ്വാഴ്ച രാവിലെ 12.35-ന് കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപത്താണ് സംഭവം. കാല്‍നട യാത്രക്കാരനായ കലഞ്ഞൂര്‍ കാഞ്ഞിരമുകളില്‍ റെഞ്ചി യോഹന്നാനെയാണ് ആദ്യം കാര്‍ ഇടിപ്പിക്കാനായി ശ്രമിച്ചത്. റെഞ്ചി ഓടിമാറിയാണ് രക്ഷപെട്ടത്. ഇതിന് ശേഷമാണ് ഓട്ടോ കെയര്‍ സെന്ററിന് മുന്‍പിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റുമണ്ണില്‍ വിഷ്ണുവിന്റെ നേരെ കാറുമായി എത്തിയത്. വിഷ്ണുവും ഓടി മാറുകയായിരുന്നു.

ഇതിന് ശേഷം അവിടെ തന്നെ കാര്‍ നിര്‍ത്തിയപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരും കാറിലെത്തിയവരും തമ്മില്‍ തര്‍ക്കവുമായി. തര്‍ക്കത്തിനിടയില്‍ കാറില്‍ കയറിയ ജോണ്‍ വര്‍ഗീസ് അമിതവേഗതയില്‍ ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരുന്ന രണ്ട് കാറുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നീട് കാര്‍ ഈ സ്ഥാപനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്സുകളും ഇടിച്ചിട്ടു.

Similar News