ജോലിയുണ്ടെന്നു പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തും; കള്ളം പറഞ്ഞ് പണികള്‍ ചെയ്യിക്കും; തക്കം നോക്കി ഫോണും പണവും അടിച്ചുമാറ്റും; യുവാവ് അറസ്റ്റിൽ
മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാൾ സ്വദേശികളുടെ പണവും മൊബൈൽ ഫോണുമാണ് ഇയാൾ കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സുനീറിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും സുനീർ ബാബു മോഷ്ടിക്കുകയായിരുന്നു.
ജോലിയുണ്ടെന്നു പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ സമീപിക്കും. പണി നടക്കുന്ന കെട്ടിടങ്ങളില്‍ കൊണ്ടുപോയി കരാറുകാരനാണെന്നും കെട്ടിടത്തിന്‍റെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികള്‍ ചെയ്യിക്കും. ജോലി തുടങ്ങുന്നതിന് മുമ്പ് തൊഴിലാളികള്‍ മാറ്റിവെക്കുന്ന ഫോണുകളും പണവും ഇയാള്‍ കൈക്കലാക്കും. ഇതാണ് സുനീറിന്‍റെ മോഷണത്തിന്റെ രീതി.
ഇത്തരത്തില്‍ പരാതിക്കാരുടെ പണവും ഫോണുകളും ഇയാള്‍ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ‍്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വദേശികളുടേതും ഇതര സംസ്ഥാന തൊഴിലാളികളുടേതും ഉള്‍പ്പടെ നിരവധി ആളുകളുടെ ഫോണുകള്‍ ഇത്തരത്തില്‍ അപഹരിക്കപ്പെടുന്നതായി പോലീസ് വ്യക്തമാക്കി.