സുഹൃത്തിനൊപ്പം പരിശീലനത്തിന് പോയ കായികതാരം വാഹനാപകടത്തില്‍ മരിച്ചു; അപകടം സ്‌റ്റേഡിയത്തിലേക്ക് പോകുംവഴി ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറി തട്ടി റോഡിലേക്ക് തെറിച്ച് വീണ്
കായികതാരം വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: പരിശീലനത്തിന് പോകുംവഴി കായികതാരമായ വിദ്യാര്‍ഥിനി സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ചു. ആലപ്പുഴ പൂന്തോപ്പ് പള്ളിക്ക് തെക്ക് വശം വള്ളിക്കാട് മണിലാല്‍-മഞ്ജു ദമ്പതികളുടെ മകള്‍ ലക്ഷ്മിലാല്‍(19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്‌റ്റേഡിയത്തിലേക്ക് പോകുംവഴി ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറി തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയുടെ മരണം സംഭവിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ കലവൂര്‍ കേരള ബാങ്കിന് സമീപമാണ് അപകടമുണ്ടായത്. അത്ലറ്റിക്‌സ് താരമായ ലക്ഷ്മിലാല്‍ വെറ്ററന്‍സ് താരമായ ആലപ്പുഴ സ്വദേശിനി വിനീതയ്‌ക്കൊപ്പം പരിശീലനത്തിനായി പ്രീതിക്കുളങ്ങരയിലെ സ്റ്റേഡിയത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. വിനീതയ്ക്കും അപകടത്തില്‍ പരിക്കേറ്റു.
വിനീതയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സ്‌കൂട്ടറിനെ മറികടന്നെത്തിയ ട്രെയ്ലര്‍ ലോറി സ്‌കൂട്ടറില്‍ തട്ടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ലക്ഷ്മിലാലിന്റെ തലയ്ക്കു പിന്നിലാണ് പരുക്കേറ്റത്. ഉടന്‍ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലപ്പുഴ ഗവ.കോളജില്‍ ബികോം വിദ്യാര്‍ഥിനിയാണ് ലക്ഷ്മിലാല്‍. അത്ലറ്റിക്‌സില്‍ 800, 1500 മീറ്റര്‍ മത്സരങ്ങളില്‍ ജില്ലാതല ജേതാവായിരുന്ന ലക്ഷ്മിലാല്‍ സംസ്ഥാന കായികമേളകളിലും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. സഹോദരന്‍ നന്ദു.