'എല്‍ നിനോ' പ്രതിഭാസം; ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്
By : സ്വന്തം ലേഖകൻ
Update: 2026-03-17 03:58 GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എല്‍ നിനോ' പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തല്‍.
യു.എസ്. ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫറിക്(എന്‍.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും. തത്ഫലമായി ഇന്ത്യയില്‍ ചൂടുയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യാം.
എന്‍.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തില്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എന്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.