സിങ്കുകണ്ടത്ത് കാട്ടാന യുവാവിനെ തുമ്പിക്കൈക്ക് അടിച്ചു വീഴ്ത്തി; നെഞ്ചിനും കാലുകള്‍ക്കും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
സിങ്കുകണ്ടത്ത് കാട്ടാന യുവാവിനെ തുമ്പിക്കൈക്ക് അടിച്ചു വീഴ്ത്തി
രാജാക്കാട്: കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ട യുവാവിനെ ആന തുമ്പിക്കൈക്ക് അടിച്ച് വീഴ്ത്തി. ചിന്നക്കനാലിനുസമീപം സിങ്കുകണ്ടത്താണ് സംഭവം. സിങ്കുകണ്ടം കൊച്ചുതയ്യില്‍ മധുവിനെ (33) സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയുടെ ആക്രമണത്തില്‍ മധുവിന് മുഖത്തും നെഞ്ചിനും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മധുവിനെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി. സംഘവും എത്തി കാട്ടാനയെ തുരത്തി. മേഖലയില്‍ കാട്ടാന ഇറങ്ങിയത് അറിയാതെ കൃഷിയിടത്തിലേക്ക് നടന്നുപോകുമ്പോഴാന് മധുവിനെ കാട്ടാന ആക്രമിച്ചത്. വേലിക്കരികില്‍ മറഞ്ഞ് നിന്നിരുന്ന കാട്ടാന തുമ്പിക്കൈകൊണ്ട് യുവാവിനെ അടിച്ച് വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി. സംഘവും സ്ഥലത്ത് ഉടന്‍ എത്തി. മധുവിന്റെ ചികിത്സയ്ക്കാവശ്യമായ നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.