തെങ്ങില്‍ കയറുന്നതിനിടെ ഷോക്കേറ്റു; തലകീഴായി തൂങ്ങിക്കിടന്ന തൊഴിലാളിക്ക് രക്ഷരായി നാട്ടുകാരും ഫയർഫോഴ്സും; സംഭവം കോഴിക്കോട്
കോഴിക്കോട്: തെങ്ങുകയറ്റത്തിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തലകീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. മേപ്പയ്യൂർ മഠത്തുംഭാഗം മൈത്രി നഗറിൽ തണ്ടേത്തോഴകുന്നത്ത് മീത്തൽ ദാമോദരനാണ് അപകടത്തിൽപ്പെട്ടത്.
കൂളിക്കണ്ടി ബാലകൃഷ്ണൻ്റെ പറമ്പിലെ തെങ്ങിൽ യന്ത്രസഹായത്തോടെ കയറുന്നതിനിടെയാണ് സംഭവം. തെങ്ങിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ദാമോദരന് ഷോക്കേറ്റു. തുടർന്ന് അദ്ദേഹം യന്ത്രത്തിൽ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. തൊഴിലാളിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ രണ്ടുപേർ ഉടൻതന്നെ തെങ്ങിൽ കയറി ദാമോദരനെ താങ്ങി നിർത്താൻ ശ്രമിച്ചു.
വിവരമറിഞ്ഞെത്തിയ പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളായ ശ്രീകാന്ത്, സോജു, രജീഷ്, വിനീത് എന്നിവർ കയറും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് അതിവേഗം ദാമോദരനെ താഴെയിറക്കി. അവശനിലയിലായ ഇദ്ദേഹത്തെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.