എംകെ മുനീറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു; അപകടനില തരണം ചെയ്തുവെന്ന് അടുത്ത വൃത്തങ്ങള്‍; ആരോഗ്യ നില സ്‌റ്റേബിളാണെന്ന് മന്ത്രി വീണാ ജോര്‍ജും
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മുനീറിന്റെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാര്‍ജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
എം കെ മുനീറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളും അഭ്യര്‍ത്ഥിച്ചിരുന്നു. എംകെ മുനീര്‍ എംഎല്‍എയുടെ രോഗശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനാണ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. നിലവില്‍ കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയാണ് മുനീര്‍. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം. എംകെ മുനീര്‍ അപകടാവസ്ഥ തരണം ചെയ്തുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും അവര്‍ പറഞ്ഞു.
രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.