''രജിസ്ട്രേഷന്‍ വകുപ്പും കാലത്തിനൊപ്പം'; സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ എസ് ഒ നിലവാരത്തില്‍ ഉയര്‍ത്തുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഘട്ടം ഘട്ടമായി ഐ.എസ്.ഒ നിലവാരത്തിലുയര്‍ത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
''രജിസ്ട്രേഷന്‍ വകുപ്പും കാലത്തിനൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി വകുപ്പിനെയാകെ ആധുനികവല്‍ക്കരിച്ചുവരികയാണ്. ഒട്ടേറെ സേവനങ്ങള്‍ ഇതിനകം ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ക്യാഷ്ലെസ് ഓഫീസുകളാക്കി മാറ്റി. എ.ഐ.ജി ചിട്ടി തസ്തിക എ.ഐ.ജി ചിട്ടി ആന്‍ഡ് മോഡണൈസേഷന്‍ എന്നാക്കി കെ.എ.എസ് റാങ്കിലേക്ക് ഉയര്‍ത്തി. ഐ.എസ്.ഒ നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് ആദ്യഘട്ടത്തില്‍ ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാര്‍മാര്‍ക്കുള്ള സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് നടന്ന ശില്പശാലയില്‍ രജിസ്ട്രേഷന്‍ ഐ.ജി മീര കെ, ജോയിന്റ് ഐ.ജി സാജന്‍ കുമാര്‍, ഡി.ഐ.ജി സുമംഗലാദേവി, എ.ഐ.ജി അഖില തുടങ്ങിയ ഉദ്യോഗസ്ഥരും സംബന്ധിച്ചു. കിലയിലെ ഐ.എസ്.ഒ കണ്‍സള്‍ട്ടന്റ് ഐശ്വര്യ ഐ.എസ്.ഒ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു.