ലോട്ടറി വില കൂട്ടില്ല; പകരം സമ്മാനതുക കുറയക്കും; ജിഎസ് ടി കൂടിയതിനെ പ്രതിരോധിക്കാന്‍ മറുതന്ത്രവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോട്ടറിയുടെ വില വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജി എസ് ടി കൗണ്‍സില്‍ വരുന്നതോടു കൂടി സംസ്ഥാനം നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്ടം സംബന്ധിച്ച ആശങ്കകള്‍ ധനകാര്യ കമീഷനെ അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ജിഎസ്ടി വന്നതോടുകൂടി ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരു മേഖലയാണ് ലോട്ടറി. ലോട്ടറി സംഘടനകളുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
പുതിയ ജിഎസ്ടി പ്രകാരം ലോട്ടറിയുടെ നികുതി 28ശതമാനത്തില്‍ നിന്നും 40ലേക്ക് മാറ്റി. 2 ലക്ഷത്തോളം ആളുകളെയാണ് ഇത് ബാധിക്കുന്നത്. സര്‍ക്കാര്‍ തന്നെ നടത്തുന്ന ലോട്ടറിയായതിനാല്‍ അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. ലോട്ടറിയുടെ വില ഇപ്പോള്‍ അമ്പത് രൂപയാണ്. ലോട്ടറിയുടെ വില വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ ഒരു നിര്‍ദേശം. എന്നാല്‍ വില തല്‍ക്കാലം വര്‍ധിപ്പിക്കില്ല. സര്‍ക്കാരുമായി കൂടിയാലോചിച്ച് പരിഹാരം കാണും. സമ്മാനത്തുകയില്‍ ചെറിയ കുറവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ വന്നതോട് കൂടി വലിയ ഇടിവാണ് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വരാന്‍ പോകുന്നത്. സെപ്തംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി നിലവില്‍ വരും. എട്ട് സംസ്ഥാനങ്ങളുടെ ധനകാര്യ മന്ത്രിമാര്‍ യോജിച്ച് ഇക്കാര്യം ധനകാര്യ കമീഷനെ അറിയിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടിയുട പ്രാഥമിക കണക്കുകള്‍ പ്രകാരം ചരക്ക് നികുതി ഇനത്തില്‍ മാത്രം സംസ്ഥാനത്തിന് 6300 കോടിയുടെ നഷ്ടം വരുമെന്നാണ് നിഗമനം. ജിഎസ്ടി, കയറ്റുമതി ഇറക്കുമതി പ്രശ്‌നം ധനകാര്യ കമീഷനുമായി സംസാരിച്ചു. സുഗന്ധവ്യഞ്ജനം, റബര്‍, സമുദ്രോല്‍പന്നം, തുടങ്ങിയവയുടെ കയറ്റുമതിയില്‍ കേരളത്തെ ബാധിക്കും. ഓട്ടോമൊബൈല്‍സ്, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ്, സിമന്റ് ഇനങ്ങളില്‍ സംസ്ഥാനത്തിന് മാത്രം 2500 കോടിയുടെ കുറവ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.