മദ്യലഹരിയില്‍ വാഹന പരിശോധന നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്

Update: 2025-09-11 14:56 GMT

കൊച്ചി: തൃക്കാക്കരയില്‍ മദ്യലഹരിയില്‍ വാഹന പരിശോധന നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു എന്‍.എസിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പ്തല അന്വേഷണം നടത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

തൃക്കാക്കര തോപ്പില്‍ ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി 10നായിരുന്നു സംഭവം. തൃക്കാക്കരയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കുടുംബത്തില്‍നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും.

മത്സ്യവില്‍പ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റേതാണെന്ന് യുവതി മറുപടിനല്‍കി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തില്‍ ഗുഡ്‌സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലാകുന്നത്.

Similar News