യുവതിയുമായി വാട്സാപ്പില്‍ സൗഹൃദം സ്ഥാപിച്ചു; ചാറ്റുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പിന്തുടര്‍ന്ന് ശല്യം ചെയ്തു: പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

യുവതിയുമായി വാട്സാപ്പില്‍ സൗഹൃദം സ്ഥാപിച്ചു ശല്യം ചെയ്തു: പ്രതി പിടിയില്‍

Update: 2025-09-12 02:02 GMT

തൃശൂര്‍: വാട്സാപ്പ് ചാറ്റിന്റെ പേരില്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയെ എറണാകുളത്ത് നിന്നും പോലിസ് അറസ്റ്റ് ചെയ്തു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയെ കെണിയില്‍ കുടുക്കുക ആയിരുന്നു. യുവതിയുമായുള്ള ചാറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്തു. ഭീഷണി തുടര്‍ന്നതോടെ യുവതി പോലിസില്‍ പരാതി നല്‍കി. 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എസ് സുജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സിവി, പൊലീസ് ഓഫീസര്‍മാരായ അനീഷ്, ഷിബു, വാസു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News