ഒരു പ്രതിഷേധ പ്രകടനത്തിനിടെ അതിരുവിട്ട പ്രവർത്തി; ആളില്ലാതിരുന്ന സിപിഎം ഓഫീസിലേക്ക് ഇരച്ചുകയറി കോൺഗ്രസ് പ്രവർത്തകർ; കലി കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു

Update: 2026-03-01 00:28 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഴിഞ്ഞം മേഖലയിൽ രാഷ്ട്രീയ സംഘർഷം. സിപിഎം പുളിങ്കുടി ബ്രാഞ്ച് ഓഫീസ് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. മന്ത്രി വീണ ജോർജിനെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഎം കോട്ടുകാൽ ലോക്കൽ കമ്മിറ്റി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം പുളിങ്കുടി ജംഗ്ഷനിൽ നിന്നും ചപ്പാത്തിലേക്ക് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്.

പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കസേരകളും ബോർഡുകളും തകർത്തു.ഓഫീസിലെ ഫർണിച്ചറുകൾക്ക് പുറമെ റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ നശിപ്പിച്ചതായി സിപിഎം നേതാക്കൾ ആരോപിച്ചു. ആക്രമണ സമയത്ത് ഓഫീസിൽ ആരും ഇല്ലാതിരുന്നത് വലിയ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.

സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കോട്ടുകാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുമ്പോൾ, പ്രദേശത്ത് പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News