സി.ഐ.ടി.യു പ്രവര്‍ത്തകനായ പിതാവ് സ്ഥാപിച്ച ബോര്‍ഡ് മകന്‍ നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്തു; അണ്ടൂര്‍കോണത്ത് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

Update: 2026-03-25 15:45 GMT

കണിയാപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സി.ഐ.ടി.യു പ്രവര്‍ത്തകനായ പിതാവ് സ്ഥാപിച്ച ബോര്‍ഡ് മകന്‍ നശിപ്പിച്ച സംഭവത്തില്‍ അണ്ടൂര്‍കോണത്ത് സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു. അണ്ടൂര്‍ക്കോണം ചേമ്പാലയില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. ചേമ്പാല സ്വദേശിയും സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയുമായ അഷ്‌റഫ് നെടുമങ്ങാട്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി.ആര്‍ അനിലിനായി സ്ഥാപിച്ച ബോര്‍ഡ് മകനായ ആഷിഖ് നശിപ്പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

പിതാവ് സ്ഥാപിച്ച ബോര്‍ഡ് മകന്‍ നശിപ്പിക്കുന്നത് കണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതിനെ വെല്ലുവിളിച്ച ആഷിഖ് തന്റെ സുഹൃത്തുക്കളും കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായ ഫൈസി, ഫഹദ് എന്നിവരെ വിളിച്ചു വരുത്തി നാട്ടുകാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തംഗമായ ഷാജി അഹമ്മദിന് മര്‍ദ്ദനമേറ്റു. തടയാന്‍ ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകന്‍ സജികുമാറിന് കാലില്‍ വെട്ടേറ്റിട്ടുണ്ട്.

വെട്ടേറ്റ സജികുമാറിനെയും ഷാജി അഹമ്മദിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഷിഖ് നിരവധി കേസുകളില്‍ പ്രതിയാണ്. ആഷിഖിനും കൂട്ടുകാരന്‍ ഫൈസിക്കയും തിരച്ചില്‍ ഊര്‍ജിതമാക്കിയതായി മംഗലപുരം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News